കണ്ണൂർ: രമേശ് ചെന്നിത്തലയുടെ ജനാധിപത്യസംരക്ഷണ ജാഥയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ യുവ പദയാത്രയ്ക്കും മലപ്പട്ടത്തെ ഇളക്കാനായില്ല. ഇക്കുറിയും അവിടെ മൂന്നു സീറ്റുകളിൽ സിപിഎമ്മിന് എതിരില്ല. മലപ്പട്ടത്തും ആന്തൂരും വലിയ ഭീഷണിയുണ്ടെന്നാണ് യുഡിഎഫ് ആരോപണം. സമർദത്താൽ പത്രിക പിൻവലിച്ചാൽ ‘എതിരില്ലാത്തവർ’ ഇനിയും കൂടും.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സനീഷിന്റെ വീട് ആക്രമിച്ചതിലും ഗാന്ധി പ്രതിമ തകർത്തിലും പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് പദയാത്ര നടത്തിയിരുന്നു. എന്നാൽ, ഈ സംഭവം നടന്ന സ്ഥലമായ അഡുവാപ്പുറത്താണ് എൽഡിഎഫിന് എതിരാളിയില്ലാതെ പോയത്. പഞ്ചായത്ത് രൂപീകരിച്ച ശേഷം സിപിഎം മാത്രമേ മലപ്പട്ടം ഭരിച്ചിട്ടുള്ളൂ.
സിപിഎമ്മിനെതിരേ മത്സരിപ്പിക്കുക സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥ. പത്രിക പിൻവലിച്ചില്ലെങ്കിൽ ജീവിക്കാനാകില്ല. മലപ്പട്ടത്ത് 1995 ലെ തെരഞ്ഞെടുപ്പിൽ ചൂളിയാട്ടുനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി ജയിച്ചത് സിപിഎമ്മിന് അടിയായി. അടുത്ത വാർഡ് വിഭജനത്തോടെ ചൂളിയാട്ടിലെ യുഡിഎഫ് വോട്ടുകൾ പല വാർഡുകളിലായി ചിതറി. 2020ൽ രണ്ടാം വാർഡ് ആയ അടൂരിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് വിജയിച്ചു.
ആന്തൂർ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന നഗരസഭയാണ്. ഇത്തവണ രണ്ട് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. നഗരസഭ രൂപീകരിച്ച് ആദ്യമായി തെരഞ്ഞെടുപ്പു നടന്ന 2015ൽ സിപിഎമ്മുകാരായ 14 പേർക്കും 2020 ൽ ആറു പേർക്കും എതിരില്ലായിരുന്നു.